
കഴിഞ്ഞ ദിവസം എന്റെ മനസ്സിനെ വേദനിപ്പിച്ച/ഇപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സംഭവം ഒരു പോസ്റ്റാക്കി നിങ്ങളുമായി പങ്കുവെക്കട്ടെ..
കഴിഞ്ഞ ആഴ്ചയും പതിവുപോലെ ഞങ്ങള്‍ സകുടുംബം 125.കി.മീ. അകലെയുള്ള പട്ടണത്തില്‍ ബാബുവേട്ടനേയും കുടുംബത്തേയും കണ്ടു മടങ്ങുകയായിരുന്നു. വഴിക്കുവെച്ചു ബാബുവേട്ടന്‍ മൊബൈലില്‍ എന്നെ വിളിച്ചു.
ആറ്റിങ്ങലിലുള്ള മണമ്പൂരാണ് ബാബുവേട്ടന്റെ സ്വദേശം. ബാബുവേട്ടനെ നാട്ടിലുള്ള ഒരു സുഹ്രുത്ത് വൈകിട്ടു വിളിച്ച്, ബാബുവേട്ടന്റെ അയല്‍വാസിയായ പ്രകാശ് എന്നൊരാള്‍ സഉദിയിലേക്കു 15 ദിവസം മുന്‍പു ജോലിക്കായി വന്നിട്ടുണ്ടെന്നും, “ജുബ്ബാ“ എന്ന സ്ഥലത്ത് ആശുപത്രിയില്‍ ആണെന്നും, ഈ വിവരം ഒന്നു തിരക്കണമെന്നും അറിയിച്ചു. ആളുടെ പേരും സ്ഥലപ്പേരും ഒന്നും ശരിയല്ലെങ്കിലും, യഥാര്‍ഥ പേരോ, കമ്പനിയുടെ പേരൊ മറ്റ് വിശദാശങ്ങളൊ ഇല്ലാതെ തിരക്കുക ബുദ്ധിമുട്ടാണെങ്കിലും കിട്ടിയ വിവരമനുസരിച്ചു ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തും ഒന്നന്വേഷിക്കാന്‍ പറയാന്‍ വേണ്ടിയായിരുന്നു ബാബുവേട്ടന്‍ വിളിച്ചത്. ഞാന്‍ അപ്പോള്‍തന്നെ ജുബൈലില്‍ ഞങ്ങളുടെ പരിചയത്തിലുള്ള നേഴ്സുമാരോട് ഈ വിഷയം തിരക്കി. അന്നു രാത്രിതന്നെ, ശ്രീധരന്‍ പ്രകാശ് എന്നു പേരുള്ള ഒരാളെ ജുബൈല്‍ ഗവ.ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. രാത്രിതന്നെ ഞാന്‍ ഹോസ്പിറ്റലില്‍ ചെന്നു ശ്രീധരന്‍ പ്രകാശിനെ കണ്ടു. വിശദമായി ഒന്നും അറിയില്ലെങ്കിലും ലഭ്യമായ എല്ലാവിവരങ്ങളും അവിടെയുള്ള മലയാളി നേഴ്സ് തന്നു. എന്താവിശ്യം വന്നാലും അറിയിക്കാനായി (എന്റെ നമ്പര്‍ 0569154584) ഏര്‍പ്പാടാക്കി മടങ്ങുമ്പോള്‍ പ്രകാശന്‍ ജോലിചെയ്യുന്ന കമ്പനിയിലെ തിരുവനന്തപുരംകാരനായ സുപ്പര്‍വൈസര്‍ സുഭാഷ് (മൊബൈല്‍: 0509295376) അവിടെവന്നു. ബാക്കി വിവരങ്ങള്‍ സുഭാഷ് തന്നു. ഇവിടെ വന്നിട്ടു 15ദിവസം മാത്രമായ പ്രകാശനെക്കുറിച്ചു കൂടുതലായി കമ്പനിയിലും ആര്‍ക്കും ഒന്നുമറിയില്ല. ലഭിച്ച എല്ല വിവരങ്ങളും നാട്ടിലുള്ള പ്രകാശിന്റെ ബന്ധുക്കളെ അറിയിക്കാന്‍ കഴിഞ്ഞത് അവര്‍ക്കും എനിക്കും ഒരാശ്വാസമായി.
15ദിവസം മുന്‍പ് നാട്ടില്‍നിന്നും നാസര്‍ അല്‍-ഹാജിരി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേയ്ക്ക് ജോലിക്കായി വന്നതാണ് പ്രകാശ്. ഒരാഴ്ച കഷ്ടിച്ചു ജോലിചെയ്ത പ്രകാശിനു ബ്ലഡ് പ്രഷര്‍ കൂടുതലായിരുന്നു. 15ന് വെള്ളിയാഴ്ച താമസിക്കുന്ന ക്യാമ്പില്‍ പെട്ടന്നു കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലായ പ്രകാശിനെ ഉടനെ ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. തലച്ചോറില്‍ അമിത രക്തസ്രാവമാണ് കാരണം. ബാബുവേട്ടന്‍ നാട്ടിലുള്ള പ്രകാശന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. 46 വയസ്സുള്ള പ്രകാശന് ഭാര്യയും ഒരു പെണ്‍കുട്ടിയുമുണ്ട്. ഇന്നലെയും ഞാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു. പ്രകാശന്റെ അവസ്ഥ വളരെ മോശമായി തുടരുന്നു. എല്ലാം ഇനി ദൈവത്തിന്റെ കൈയില്‍..!!!!!
ഈ അവസ്ഥയില്‍ നാട്ടില്‍ എത്തിക്കുക അസാധ്യം. കമ്പനി അധിക്രുതര്‍ എല്ലവിധ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവാസലോകം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. ഒരു മലയാളി എന്നതിലുപരി, ഇല്ലായ്മയില്‍ നിന്നു ഒരു നല്ല ജീവിതം കരുപ്പിടിപ്പിക്കാനായി ഗള്‍ഫില്‍ വന്ന ഹതഭാഗ്യനായ ഈ ചെറുപ്പക്കാരന് നമ്മുടെയൊക്കെ പ്രാര്‍ഥന ആവശ്യമാണ്.
ഹോസ്പറ്റിലില്‍ പോയപ്പോള്‍ തൊട്ടടുത്ത ബെഡ്ഡില്‍ ത്രുശുരുള്ള ഒരു ഇസ്മായില്‍ കിടക്കുന്നു. മരുഭുമിയിലെ ഡ്രൈവിങ്ങിനിടയില്‍ ഒട്ടകവുമായി ഉണ്ടായ ആക്സിഡന്റില്‍ അബോധാവസ്ഥയില്‍ ആയിപ്പോയതാണ്. ഇനിയും അപകടനില തരണം ചെയ്യാത്ത ആ സഹോദരന്‍ സുഖം പ്രാപിച്ചുവരുന്നു. അവിടെ, ഇന്റെന്‍സീവ് കെയര്‍ യൂനിറ്റില്‍ ചിലവഴിച്ച ഓരോ നിമിഷവും പലവിധ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.... നിസ്സാരനായ മനുഷ്യനെപ്പറ്റി, ആതുര ശുശ്രൂഷയെപ്പറ്റി... രോഗികളുടെയും ബന്ധുക്കളുടെയും നിസ്സഹായാവസ്ഥയിലും സമചിത്തതയോടെ സമര്‍പ്പണത്തോടെ ജോലിചെയ്യുന്ന നമ്മുടെ മലയാളികളായ നേഴ്സുമാരെപ്പറ്റി ..., അവര്‍ നല്‍കുന്ന സേവനത്തെപ്പറ്റി..........